എംവി ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ പുതിയ മന്ത്രിയാരെന്ന ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നു. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരന്നവരെ പരിഗണിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
നിയമസഭാ സമ്മേളനം തീരുന്നതോടെ എംവി ഗോവിന്ദന് മന്ത്രി സ്ഥാനം രാജിവെക്കും. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രടട്രിയേറ്റ് യോഗം ചേരും. അതിന് മുമ്പ് പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്താനുള്ള സാധ്യത തീരെയില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ഒന്നോ രണ്ടോ പേരെ ഉള്‍പ്പെടുത്തിയാല്‍ എന്തുകൊണ്ട് മറ്റുളളവരെ ഒഴിവാക്കി എന്നുള്ള ചോദ്യം വരും. ഒപ്പം പുതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരണമെന്ന പാര്‍ട്ടി നയവും ചോദ്യം ചെയ്യപ്പെടും. എംവി ഗോവിന്ദന് പകരം പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിനൊപ്പം വ്യാപകമായ അഴിച്ചുപണി വേണോ എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ സജി ചെറിയാന് രാജിവെച്ച ഒഴിവുമുണ്ട്.
എംവി ഗോവിന്ദന് പകരം കണ്ണൂരില്‍ നിന്ന് ഒരാളെ പരിഗണിച്ചാല്‍ എഎന്‍ ഷംസീറിനായിരിക്കും സാധ്യത. ആലപ്പുഴയില്‍ നിന്ന് സജി ചെറിയാന് പകരം ഒരാളെ പരിഗണിച്ചാല്‍ ചിത്തരഞ്ജന് സാധ്യതയാകും. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് എംബി രാജേഷിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും സജീവമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.


