ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെ രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ്. തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് തേടും. ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാക്കാനാണ് ആലോചന. നിലവില്‍ കേരളമടക്കം 10 സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത് സ്വന്തം വോട്ടര്‍ പട്ടികയാണ്.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നത് ഏറെ കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ഭരണഘടന ഭേദഗതി ആവശ്യമാണ്. ഇത് സംബന്ധിച്ച നീക്കങ്ങള്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ലെജിസ്ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്തിരാജ് സെക്രട്ടറി സുനില്‍ കുമാര്‍, സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ തുടങ്ങിയവരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളമടക്കം എഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇവയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടികയാക്കാനാണ് കേന്ദ്ര നീക്കം. കഴിഞ്ഞ വര്‍ഷത്തെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ധാനങ്ങളില്‍ ഒന്നായിരുന്നു പൊതു വോട്ടര്‍ പട്ടിക.


