മോദി രാജിവെക്കണം എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് പുനസ്ഥാപിച്ചു. ResignModi എന്ന ഹാഷ് ടാഗുകള്‍ ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി.
കൊവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് തുടര്‍ച്ചയായി പിന്‍വലിച്ചിരുന്നു. വിമര്‍ശനങ്ങളെ വിലക്കുന്നു എന്ന ആരോപണം പരിഗണിക്കാതെ ആയിരുന്നു ഫേസ്ബുക്കിന്റെ നടപടി. ഇതിന്റെ ഭാഗമായാണ് #ResignModi എന്ന് ടാഗ് ചെയ്ത പോസ്റ്റ്കള് ഫേസ്ബുക്ക് പിന്‍വലിച്ചത്. എറെ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റുകള്‍ പൊടുന്നനെ അപ്രത്യക്ഷമായത് അന്താരാഷ്ട്ര തലത്തില്‍ അടക്കം ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് നടപടി തിരുത്തിയത്.
ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത് എന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടല്ല പോസ്റ്റുകള്‍ പിന്‍വലിച്ചതെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പോസ്റ്റുകള്‍ എല്ലാം പുനസ്ഥാപിക്കുകയും ചെയ്തു.
ഫേസ്ബുക്കിലെ #ResignModi ഹാഷ് ടാ?ഗ് പിന്‍വലിച്ചതിന് പിന്നില്‍ പങ്കില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ജനകീയ പ്രതിഷേധങ്ങള്‍ക്ക് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഹാഷ് ടാഗ് വിലക്കാന്‍ കാരണമെന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളുകയും ചെയ്തു. ഫേസ്ബുക്കിന് ഇത്തരത്തിലുള്ള യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധി അതീവ രൂക്ഷമാവുകയും ഓക്സിജന്‍ ക്ഷാമം പലയിടത്തും രോഗികളുടെ മരണത്തിന് കാരണമാവുകയും ചെയ്ത് പശ്ചാതലത്തിലാണ്, സര്‍ക്കാര്‍ പരാജയം തുറന്ന് കാട്ടിയുള്ള ‘റിസൈന്‍ മോദി’ ഹാഷ് ടാഗുകള്‍ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളില്‍ ട്രേന്‍ഡിങ്ങായതിന് പിന്നാലെ പോസ്റ്റുകളും ട്വീറ്റുകളും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് #ResignModi ഹാഷ്ടാഗുകള്‍ വിലക്കികൊണ്ടുള്ള ഫേസ്ബുക്കിന്റെ ഇടപെടല്‍. തങ്ങളുടെ സമൂഹമാനദണ്ഡ പ്രകാരം അനുചിതമായതിനാല്‍ ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകള്‍ താല്‍ക്കാലികമായി നീക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്തതിന് കാരണമായി ഫേസ്ബുക്ക് പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ പ്രതിഷേധം വ്യാപകമാവുകയതോടെ ഫേസ്ബുക്ക് വിലക്ക് പിന്‍വലിക്കുകയായിരുന്നു.


