നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി സംവിധായകന് ബാലചന്ദ്രകുമാര്‍. ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് വിവരങ്ങള്‍ നല്‍കിയത്. ദിലീപും കൂട്ടാളികളും ദൃശ്യം കാണുന്നതിന്റെ ശബ്ദരേഖയാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ കൈമാറിയത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ വിവരങ്ങള്‍ ശരിയെന്ന് പള്‍സര്‍ സുനി പറഞ്ഞു. ബാലചന്ദ്രകുമാറിനെ അറിയാം, ഒരേ വാഹനത്തില്‍ യാത്ര ചെയ്തെന്നും പള്‍സര്‍ സുനി വ്യക്തമാക്കി. അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. കഥ പറയാന്‍ വന്നയാളെന്ന് പരിചയപ്പെടുത്തി. അന്നേ ദിവസം ദിലീപ് പണം നല്‍കിയതായും പ്രതി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.
ദിലീപിന് ഇന്നത്തെ ഹൈക്കോടതി വിധി നിര്‍ണായകമാണ്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകള്‍ ദിലീപ് മനഃപൂര്‍വം മറച്ചുപിടിക്കുന്നു എന്നാണ് പ്രോസിക്യൂഷന് ആരോപണം.
എന്നാല്‍ തന്റെ സ്വകാര്യതയുമായി ബന്ധപ്പട്ട കാര്യങ്ങള്‍ ഉളളതിനാല്‍ ഹാജരാക്കാനാകില്ലെന്നാണ് ദിലീപിന്റെ നിലപാട്.


