പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കിയേക്കും. പാനും ആധാറും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്, കാരണം ഉപയോക്താവ് ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ആധാര്‍ വിവരങ്ങള്‍ നല്‍കണം. ലിങ്ക് ചെയ്താല്‍ ഈ പ്രക്രിയ എളുപ്പമാകും.
‘ആദായ നികുതി നിയമം, 1961 പ്രകാരം, എല്ലാ പാന്‍ ഉടമകളും 31.3.2023-ന് മുമ്പ് അവരുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. 1.04.2023 മുതല്‍, അണ്‍ലിങ്ക് ചെയ്യാത്ത പാന്‍ പ്രവര്‍ത്തന രഹിതമാകും’ എന്ന് പ്രസ്താവനയില്‍ പറഞ്ഞു.
എങ്ങനെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാം:
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in എന്നതില്‍ ലോഗിന്‍ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് എന്ന വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാന്‍ നമ്പര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കുക;
4] ‘ഞാന്‍ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു’ എന്ന ഓപ്ഷന് തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.


