കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് മറുപടിയുമായി ആര്‍ബിഐ. കിഫ്ബി പോലുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് മസാലബോണ്ടുകള്‍ ഇറക്കാന്‍ അനുവാദം നല്കാന് വ്യവസ്ഥയുണ്ടെന്ന് റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ 1 ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ആര്.ബി.ഐ വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാനങ്ങള്‍ വിദേശത്ത് നിന്ന് പണം സമാഹരിക്കുന്ന വിഷയത്തില്‍ തീരുമാനത്തിനോ അഭിപ്രായം രേഖപ്പെടുത്താനോ സാധിക്കില്ലെന്നും ആര്‍ബിഐ നിലപാട് സ്വീകരിച്ചു. ആര്‍ബിഐ അനുമതി കിഫ്ബിക്ക് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും ആര്‍ബിഐ ഇ.ഡിയെ അറിയിച്ചു.
ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവ ഫെമ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ക്ക് മസാല ബോണ്ട് ഇറക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഈ വ്യവസ്ഥ പരിഗണിച്ച് അപേക്ഷയുടെ അടിസ്ഥാനത്തില്‍ കിഫ്ബിക്കും മസാല ബോണ്ട് ഇറക്കാന്‍ അനുവാദം നല്‍കിയിരുന്നു. 2018 ജൂണിലാണ് ഇത് സമ്പന്ധിച്ച തിരുമാനം കൈകൊണ്ട് സംസ്ഥാനത്തിന് രേഖാമൂലം അനുവാദം നല്‍കിയതെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. മസാല ബോണ്ടിനെക്കുറിച്ചു വിവരങ്ങള്‍ ചോദിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടര്‍ കഴിഞ്ഞ 19ന് റിസര്‍വ് ബാങ്കിന് കത്തയച്ചിരുന്നു. വായ്പാ റജിസ്ട്രേഷന് കിഫ്ബി നല്കിയ വിവരങ്ങള്‍, അനുമതിക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച വ്യവസ്ഥകള്‍, കിഫ്ബിക്ക് ലഭിച്ച വായ്പയുടെ വിശദാംശങ്ങള്‍ എന്നിവയാണ് ഇ.ഡി ആവശ്യപ്പെട്ടത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ മറ്റെന്തെങ്കിലും അനുമതി ആവശ്യമെങ്കില്‍ അതു വാങ്ങേണ്ട ബാധ്യത കിഫ്ബിക്കും, എല്ലാ അനുമതിയുമുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനുമാണ്. തങ്ങള്‍ നല്കുന്ന അനുമതി, സ്ഥാപനത്തിന് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ല. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയില്‍ കിഫ്ബിയുടെ വിദേശ വായ്പ ഉള്‍പ്പെടുമോ, പണത്തിന്റെ തിരിച്ചടവ് വ്യവസ്ഥകള്‍ എന്തൊക്കെ, ഭരണഘടനാ വ്യവസ്ഥകള്‍ ബാധകമോ, തുടങ്ങിയവ പരിശോധിക്കാന്‍ തങ്ങള്‍ക്ക് ബാധ്യത ഇല്ലെന്നും ആര്‍ബിഐ ഇ.ഡിയോട് വിശദീകരിച്ചു.