ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ ക്രമക്കേടുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇനി അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ ചെന്നിത്തല പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഇനി അര്‍ഹത ഇല്ലെന്നും അഴിമതിക്കാരന് മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. നാണം കെടാതെ ഇനി എങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കണം. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിന് തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
അഴിമതികള്‍ ഓരോന്നും അരങ്ങേറിയത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. സ്വര്‍ണക്കടത്ത് പ്രതികളെ സംരക്ഷിക്കാന്‍ ആദ്യം മുതല്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ സത്യമെന്നും വസ്തുതയെന്നും തെളിഞ്ഞു. ജനാധിപത്യ കേരളത്തില്‍ ഇതുപോലെ അപമാനിതനായ മുഖ്യമന്ത്രി വേറെ ഇല്ലെന്നും ഇനിയും അപമാനിതനകാതെ രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ ഒത്താശയും ചെയ്ത് നല്‍കിയത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നാല്‍ മുഖ്യമന്ത്രി തന്നെയാണ്. സ്പ്രിങ്ക്ളര്‍ ഉള്‍പ്പെടെ എല്ലാ അഴിമതികളിലും മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ശിവശങ്കര്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല തുറന്നടിച്ചു.


