ഇന്ന് മഹാത്മാ അയ്യന്‍കാളിയുടെ ജന്മ ദിനമാണ്. ജന്മിത്വത്തിന്റെ കാല്ച്ചുവട്ടില് ജാതീയതയുടേയും അനാചാരങ്ങളുടേയും വര്‍ഗ ചൂഷണത്തിന്റേയും ചങ്ങലകളാല്‍ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകര്‍ന്ന മഹത് ചൈതന്യമായിരുന്നു അയ്യന്‍കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അനീതികളുടെ വിളനിലമായിരുന്ന ഒരു പ്രാകൃത സംസ്കാരികതയില്‍ നിന്നും ഇന്നു നമ്മള് ജീവിക്കുന്ന ആധുനിക കേരളത്തിന്റെ പിറവിയിലേയ്ക്കു നയിച്ച സാമൂഹ്യ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.
അടിമകളായി പരിഗണിക്കപ്പെട്ടിരുന്ന ദളിതരെ മനുഷ്യരെന്ന നിലയില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് അയ്യന്‍കാളി ചെയ്തത്. സഞ്ചരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, അക്ഷരം പഠിക്കാനും, കൂലി ചോദിക്കാനുമുള്ള അവന്റെ ഏറ്റവും മൗലികമായ അവകാശങ്ങള്‍ പോലും നിരാകരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തില്‍ ആ അനീതികള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയെന്നും പിണറായി പറഞ്ഞു. സവര്‍ണ ജാതിക്കാര്‍ക്കു മാത്രം സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന രാജവീഥിയിലൂടെ അദ്ദേഹം ഓടിച്ചു കയറ്റിയ വില്ലുവണ്ടിയുടെ ചക്രങ്ങള്‍, യാഥാസ്ഥിതികതയില്‍ പൂണ്ടു കിടന്നിരുന്ന കേരള സമൂഹത്തെ ആധുനികതയിലേക്കാണ് നയിച്ചത്.
അദ്ദേഹത്തിന്റെ കീഴില്‍ അടിയാള സ്ത്രീകള്‍ ജാതിയുടെ ചിഹ്നങ്ങളുപേക്ഷിച്ചു കൊണ്ട് വസ്ത്ര സ്വാതന്ത്ര്യത്തിനായി സമരരംഗത്തിറങ്ങി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് കുട്ടികള്‍ക്കായി അദ്ദേഹം വിദ്യാലയം തന്നെ ആരംഭിച്ചു. അവകാശ നിഷേധത്തിനെതിരെ കാര്‍ഷിക പണിമുടക്ക് സമരം നടത്തിക്കൊണ്ട് കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിന് മാര്‍ഗദര്‍ശിത്വം നല്കി. ജാതിക്കെതിരായ സമരങ്ങള്‍ വര്‍ഗ ചൂഷണത്തിനെതിരായ സമരങ്ങള്‍ കൂടിയാണെന്നദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.
നീതിരഹിതവും അധാര്‍മ്മികവുമായ ജാതിവ്യവസ്ഥ സമത്വവും സമാധാനവും നിറഞ്ഞ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പ്രധാന വിലങ്ങു തടികളിലൊന്നായി തുടരുന്ന കാലത്തോളം അതിനെ മറികടക്കാന്‍ അയ്യന്‍കാളി കൊളുത്തിയ അഗ്നി വഴിവിളക്കായി ജ്വലിക്കും. അദ്ദേഹത്തിന്റെ ചരിത്രം നമ്മള് പഠിക്കണം. നമ്മെ നാമാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മുന്നോട്ടുള്ള പോരാട്ടത്തില്‍ എല്ലാ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വഴി കാട്ടിയാകണം. അയ്യന്‍കാളിയുടെ ജീവിതവും അദ്ദേഹം വരിച്ച ത്യാഗങ്ങളും അങ്ങനെ അര്ത്ഥപൂര്ണമാകട്ടെയെന്നും പിണറായി പറഞ്ഞു.


