ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പിടിയിലായവര്‍ സിപിഎം ബന്ധമുള്ളവരാണ്. വോട്ടര്‍പ്പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്നും സതീശന് ആരോപിച്ചു.
വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് നല്കിയ മൂവായിരം വോട്ടര്‍മാരുടെ അപേക്ഷ തള്ളിക്കളഞ്ഞതായി സതീശന് ആരോപിച്ചു. ഭൂരിപക്ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മനഃപൂര്‍വം ഇത് തള്ളിയതാണ്. ആറായിരം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നല്‍കിയത്. ഇതില്‍ നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശന് ആരോപിച്ചു.
ബിഎല്‍ഒമാര്‍ രേഖകള്‍ ഹാജരാക്കിയിട്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ ലിസ്റ്റ് തയ്യാറായ ഉടന്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും സതീശന് ആരോപിച്ചു. പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കായതിനാല്‍ സിപിഎമ്മിന് കൂടുതല്‍ വോട്ട് ചേര്‍ക്കാന്‍ ആയിട്ടില്ല. ഇത് മറികടക്കാനാണ് യുഡിഎഫിന്റെ അര്‍ഹമായ വോട്ടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും സതീശന് പറഞ്ഞു.
തൃക്കാക്കരയിലെ 161ആം ബൂത്തില്‍ കള്ളവോട്ടുണ്ടെന്ന ആരോപണവും വി.ഡി.സതീശന് ഉന്നയിച്ചു. ഈ ബൂത്തില്‍ 5 വ്യാജ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. പല വോട്ടര്‍മാര്‍ക്കും അഷ്റഫ് എന്നയാളെയാണ് രക്ഷകര്‍ത്താവ് ആയി ചേര്‍ത്തിട്ടുള്ളത്. അഷ്റഫ് ദേശാഭിമാനി ഏജന്റാണ്- സതീശന് പറഞ്ഞു.