കോവിഡ് കാലത്ത് മാസ്കിടാതെ നടന്ന് വാര്‍ത്താ താരമായ പലരേയും നമുക്കറിയാം. എന്നാല്‍ മാസ്കിട്ട് സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു ശിവസേന പ്രവര്ത്തകന്. പൊതുവേദിയില്‍ മാസ്കിടാന്‍ പാടുപെടുന്ന ഈ താരത്തിന്റെ വീഡിയോ ചിരിയോടല്ലാതെ കണ്ടിരിയ്ക്കാനാകില്ല.
ഈ മാസം 24ന് സിദ്ധാര്‍ത്ഥനഗറിലെ ദുമാരിയഗഞ്ചിലുള്ള ഗവണ്മെന്റ് ഗേള്‍സ് ഇന്റര്‍ കോളേജിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് സംഭവം. യുപിയിലെ ശിവസേന സ്ഥാനാര്‍ത്ഥി രാജു ശ്രീവാസ്തവയെ പിന്തുണച്ചെത്തിയതാണ് കഥാനായകന്. പാര്‍ട്ടി എംപി ധൈര്യശില്‍ മാനെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അരികില്‍ നിന്ന പ്രവര്ത്തകന് മാസ്ക് ധരിച്ചിട്ടില്ല.
കയ്യിലിരുന്ന മാസ്ക് ധരിക്കാന്‍ അദ്ദേഹത്തിന്റെ പെട്ടപാടാണ് ചിരിപടര്‍ത്തിയത്. ആദ്യം കുറേ തവണ തെറ്റായ രീതിയില്‍ മാസ്ക് ധരിച്ചു. നെറ്റിയിലും തലയിലും മാസ്കെത്തി. മൂക്കുമറയ്ക്കാന് മാത്രം കഴിഞ്ഞില്ല. രണ്ട് മിനിട്ടോളം നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ ഒടുവില്‍ മറ്റൊരാള്‍ സഹായവുമായെത്തി.
w8 for it…! 😁 pic.twitter.com/uG7gkaNLBg
— Andolanjivi faijal khan (@faijalkhantroll) February 24, 2022
ലോകത്ത് കോവിഡ് സ്ഥിരീകരിച്ച് മൂന്നാം വര്‍ഷത്തിലേക്ക് കടന്നിട്ടും മാസ്ക് പോലും ധരിക്കാനറിയാത്തത് കഷ്ടമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിലര്‍ കഥാനായകന്റെ ക്ഷമയെ നമിക്കുന്നു. മറ്റു ചിലര്‍ വീഡിയോ ട്രോളാക്കി ആഘോഷിക്കുകയാണ്.