തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാടും, പുതുച്ചേരിയും സന്ദര്‍ശിക്കും. ദക്ഷിണേന്ത്യയില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന തമിഴ്നാട്ടില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ സന്ദര്‍ശിക്കുന്നത്.
ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ് നിര്‍ണയവും ചര്‍ച്ച ചെയ്യും. വിഴുപുറത്തെ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. അണ്ണാഡിഎംകെയുടെ വിജയം ഉറപ്പിക്കാനും അതോടൊപ്പം കൂടുതല്‍ സീറ്റ് നേടി തമിഴ്നാട്ടില്‍ നിര്‍ണായക ശക്തിയാവുകയാണ് ബിജെപി ലക്ഷ്യം.
രാവിലെ കാരയ്ക്കലില്‍ എത്തുന്ന അമിത് ഷാ വിവിധ പൊതു പരിപാടികളില്‍ പങ്കെടുക്കും. പുതുച്ചേരിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം തമിഴ്നാട്ടില്‍ എത്തുന്ന അമിത് ഷാ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട്, വിഴുപ്പുറം ജില്ലകളിലെ ബിജെപി ഭാരവാഹികളുമായി ചര്‍ച്ച നടത്തും.തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍, സഖ്യ തീരുമാനം, സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയവ ചര്‍ച്ചയാവും. 35 മുതല്‍ 40 സീറ്റ് വരെ ബിജെപി എഐഎഡിഎംകെയോട് ആവശ്യപ്പെടും.
എന്നാല്‍ 23 സീറ്റ് വരെ ബിജെപിക്ക് നല്‍കാനാണ് സാധ്യത. വണ്ണിയാര്‍ സമുദായത്തിന് സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെ പട്ടാളി മക്കള്‍ കക്ഷി എഐഎഡിഎംകെയുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തി. 23 സീറ്റുകളില്‍ പട്ടാളി മക്കള്‍ കക്ഷി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.