ജറുസലേമിലെ ജൂത ആരാധനാലയത്തില്‍ ആക്രമണം. തോക്കുധാരി എട്ട് പേരെ വെടിവെച്ചു കൊന്നു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇസ്രയേല്‍ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊള്‍ സിനഗോഗ് ആക്രമിക്കപ്പെട്ടത്. മരണം എട്ട് ആയെന്ന് ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഏകദേശം വൈകുന്നേരം 8.30 ഓടെ, പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗില്‍ നിന്നും പുറത്തിറങ്ങയവര്‍ക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വധിച്ചു. പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍വെളുത്ത കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന് സംശയിക്കുന്നു.
അഞ്ച് പേര് സംഭവസ്ഥലത്തും മൂന്ന് പേര് ജറുസലേമിലെ വിവിധ ആശുപത്രികളിലും വെച്ചാണ് മരണപ്പെട്ടത്. മരിച്ചവരില്‍ 20,25,50,60 വയസ്സിലുള്ള അഞ്ച് പുരുഷന്മാരും 60,70 വയസ്സിലുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവം കൂട്ടകുരുതിയാണെന്ന് പലസ്തീന് ഭരണകൂടം പ്രതികരിച്ചു.
പലസ്തീന് വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 10 പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പതിച്ചു.
ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങള്‍ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്. വ്യാഴാഴ്ച രാവിലെ ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ കെട്ടിടങ്ങള്‍ വളയുകയും പലസ്തീന് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.
കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് തീവ്രവാദികള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന് നേരെ വെടിയുതിര്‍ത്തെന്ന് അധികൃതര്‍ വിശദീകരിച്ചു. കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. ഇസ്ലായേലില്‍ വമ്പന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഐഡിഎഫ് വിശദീകരിച്ചു.