സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നുമാണ് ജോഡോ യാത്ര പുനരാരംഭിക്കുക. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിര്‍ത്തിവച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കില്‍ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് ആരോപണം ജമ്മുകാശ്മീര്‍ പൊലീസ് നിഷേധിച്ചു. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് മുന്‍കൂട്ടി അറിയിച്ചില്ലെന്നും യാത്ര നിര്‍ത്തുന്നതിന് മുന്‍പ് ചര്‍ച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീര്‍ പൊലീസ് പ്രതികരിച്ചത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് നാലിന് കെപിസിസിയുടെ പൊതുസമ്മേളനം. ജോഡോ യാത്രയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുട നീളം മണ്ഡലം തലത്തിലാണ് പരിപാടി.


