ഇ.പി ജയരാജനെതിരായ പരാതി 2019-ല്‍ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണ്. ജയരാജന് വ്യവസായ മന്ത്രിയായിരിക്കെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം പരാതി എന്തിനാണ് ഒളിപ്പിച്ചു വച്ചതന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിച്ചു.
എംവി ഗോവിന്ദന് എന്താണ് ഇടപെടാതെ ഇരുന്നത്?. എന്തുകൊണ്ട് പാര്‍ട്ടി നടപടി എടുക്കുന്നില്ല? പാര്‍ട്ടി അഭ്യന്തര കാര്യം അല്ല. ഇത് അഴിമതിയാണ്. അന്വേഷിക്കണം. മുഴുവന്‍ കാര്യങ്ങളും പുറത്ത് വരട്ടെ. അന്വേഷണം എതാണ് വേണ്ടത് എന്ന് മുപ്പതിന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കും ക്രിസ്മസ് ആയത് കൊണ്ട് മോശം കാര്യം പറയേണ്ട എന്ന് കരുതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാന്‍ മൂന്ന് തവണ പോയ വിജിലന്‍സ്, റിസോര്‍ട്ടിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്? തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളിപ്പിക്കലും സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടും അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തതും എന്തുകൊണ്ടാണ്? പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ജയരാജനെതിരായ ആരോപണങ്ങളെ കുറിച്ച് നന്നായി അറിയാം. ഇപ്പോള്‍ അഴിമതിക്കെതിരെ തെറ്റു തിരുത്താന്‍ ഇറങ്ങിയിരിക്കുന്ന ഗോവിന്ദന് അന്ന് തെറ്റു തിരുത്തല്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്?
പി. ജയരാജന് സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് റിസോര്‍ട്ട് കമ്പനിയുടെ എം.ഡി സ്ഥാനത്ത് നിന്ന് പുറത്തായ രമേശ് കുമാര്‍ ഏതൊക്കെ സി.പി.എം നേതാക്കളെ കണ്ടിട്ടുണ്ടെന്നതും അന്വേഷിക്കണം. ഇരുമ്പ് മറയ്ക്ക് പിന്നില്‍ ഒളിപ്പിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജയരാജന് എതിരായ ഗുരുതരമായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ഈ മാസം 30-ന് നടക്കുന്ന യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.


