വിദ്വേഷ പ്രസ്താനയുമായി വീണ്ടും ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂര്‍. ഹിന്ദുക്കള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി വെക്കണമെന്നും ജിഹാദിന് മറുപടി നല്‍കണമെന്നും പ്രജ്ഞ സിംഗ് പറഞ്ഞു. തങ്ങളെയും തങ്ങളുടെ ആത്മാഭിമാനത്തെയും ആക്രമിക്കുന്നവര്‍ക്ക് തിരിച്ചടി നല്കാന് ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട് എന്നും എംപി കൂട്ടിച്ചേര്‍ത്തു.
അതേസമയം,പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണ് താക്കൂര്‍ ചെയ്തതെന്ന് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ അജയ് സിംഗ് ആരോപിച്ചു. പ്രജ്ഞ താക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്, പാര്‍ലമെന്റ് അംഗമായതിനാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഠാക്കൂറിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
പ്രഗ്യാസിങ് താക്കൂറിനെതിരെ രാഷ്ട്രീയ നിരീക്ഷകന് കൂടിയായ തെഹ്സീന്‍ പൂനവല്ല വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഠാക്കൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണെന്ന് ശിവമോഗ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
”അവര്‍ക്ക് ജിഹാദിന്റെ ഒരു പാരമ്പര്യമുണ്ട്. അവര്‍ പ്രേമിച്ചാലും അതില്‍ ജിഹാദുണ്ട്. നമ്മളും പ്രേമിക്കും. നമ്മള് ദൈവങ്ങളെ സ്നേഹിക്കും. ഒരു സന്യാസി അവന്റെ ദൈവത്തെ സ്നേഹിക്കും. സന്യാസി പറയുന്നു ഈ ലോകം ദൈവമുണ്ടാക്കിയെന്ന്. എല്ലാ അടിച്ചമര്‍ത്തലുകളും തെറ്റുകളും അവസാനിപ്പിക്കണമെന്ന് പറയുന്നു. അതല്ല സ്നേഹത്തിന്റെ ശരിയായ നിര്‍വചനമെങ്കില്‍ ഇവിടെ നിലനില്‍ക്കില്ല. അതുകൊണ്ട് ലവ് ജിഹാദ് ചെയ്യുന്നവര്‍ക്ക് മറുപടി നല്‍കുക. നിങ്ങളുടെ പെണ്മക്കളെ സംരക്ഷിക്കുക. അവര്‍ക്ക് ശരിയായ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുക. വീട്ടില്‍ കത്തികള്‍ കരുതിവെക്കുക. ചുരുങ്ങിയ പക്ഷം പച്ചക്കറികള്‍ അരിയുന്ന കത്തികള്‍ മൂര്‍ച്ച കൂട്ടി വെക്കുക. എപ്പോഴാണ് ആവശ്യം വരുന്നതെന്നറിയില്ല. എല്ലാവര്ക്കും സ്വയരക്ഷയ്ക്ക് അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട് കയ്യേറി ആക്രമിച്ചാല്‍ അവര്‍ക്ക് തക്ക മറുപടി കൊടുക്കേണ്ടത് നമ്മുടെ അവകാശമാണ്.”- പ്രജ്ഞ പറഞ്ഞു.
”മിഷണറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നതുവഴി നിങ്ങള്‍ സ്വയം അഗതി മന്ദിരങ്ങളുടെ വാതില്‍ തുറക്കുകയാണ്. അവിടെ പഠിപ്പിച്ചാല്‍ മക്കള്‍ നിങ്ങളുടെയോ നിങ്ങളുടെയോ സംസ്കാരത്തിലാവില്ല. അവര്‍ അഗതി മന്ദിരങ്ങളുടെ സംസ്കാരത്തില്‍ വളരും. സ്വാര്‍ത്ഥരാവും. വീട്ടില്‍ പൂജ ചെയ്യൂ. ധര്മത്തെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റിയും വായിച്ച് മക്കളെ അത് പഠിപ്പിക്കൂ. അങ്ങനെയെങ്കില്‍ അവര്‍ നമ്മുടെ മൂല്യങ്ങളെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും പഠിക്കും.”- അവര്‍ കൂട്ടിച്ചേര്‍ത്തു.

