സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പറഞ്ഞ സുധാകരന് ഈ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
ഇ പി വിഷയം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറയാന്‍ സാധിക്കില്ല. കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. നീതിപൂര്‍വമായ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സി തയ്യാറാകണം. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെ സുധാകരന് കൂട്ടിച്ചെര്‍ത്തു.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് തുടരും. സ്ഥാനം മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് സുധാകരന് കൂട്ടിച്ചേര്‍ത്തു. അതേസമയം ജയരാജന് വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്തുവന്നു. ഇപിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ തൃപ്തികരമായ അന്വേഷണം വേണമെന്ന് ലീഗ് ആവശ്യപ്പെടുകയാണ്. എംഎല്‍എയുടെ പ്രസ്താവനയില്‍ ലീഗ് നേതാക്കളായ കെപിഎ മജീദും, കെഎം ഷാജിയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസുമടക്കമുളളവര് എതിര്‍പ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി മുന്നോട്ടു വന്നത്.
ഇപി ജയരാജന് വിഷയം 2019 മുതല്‍ സിപിഐഎം എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിച്ചു. എന്തുകൊണ്ട് പാര്‍ട്ടി നടപടി എടുക്കുന്നില്ല, പാര്‍ട്ടി അഭ്യന്തര കാര്യം അല്ല. ഇത് അഴിമതിയാണ്. അന്വേഷണം എതാണ് വേണ്ടത് എന്ന് മുപ്പതിന് ചേരുന്ന യുഡിഎഫ് യോഗംതീരുമാനിക്കുമെന്ന് വിഡി സതീശന് വ്യക്തമാക്കി.


