ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കമുണ്ടായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക അടച്ചിടുമെന്ന് പൊലീസ്. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ആര്.ഡി.ഒയുടെ തീരുമാനം വരും വരെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.
രാവിലെ ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒരു വിഭാഗം തടഞ്ഞു. ആര്‍ച്ച് ബിഷപ്പിന് സംരക്ഷണമൊരുക്കാന്‍ മറുവിഭാഗം ശ്രമിച്ചതോടെ സംഘര്‍ഷമായി.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മടങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കനത്ത പൊലീസ് കാവലാണ് ബസിലിക്ക പ്രദേശത്ത് ഏര്‍പ്പെടുത്തിയത്.


