പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.
സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ആര്.വി രവീന്ദ്രന് സമിതിക്ക് നേതൃത്വം നല്‍കും. 7 പരിഗണന വിഷയങ്ങളില്‍ സമിതി അന്വേഷണം നടത്തും. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സികിലെ പ്രൊ.ഡോ നവീന്‍കുമാര്‍ ചൗധരി (ഗുജറാത്തിലെ ഗാന്ധി നഗര്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റിയിലെ ഡീന്‍), ഡോ.പി പ്രഭാകരന് (പ്രൊഫസര്‍, അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം), ഡോ.അശ്വിന് അനില്‍ ഗുമസ്തെ (അസോസിയേറ്റ് പ്രൊഫസര്‍, ഐഐടി മുംബൈ) എന്നിവരടങ്ങിയതാണ് സമിതി.
ഭരണഘടനാ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കണം സ്വകാര്യതയിലുള്ള ഇടപെടലുകള്‍. നിയമങ്ങള്‍ വഴിയല്ലാതെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവരാണ് അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.
‘നിങ്ങള്‍ ഒരു രഹസ്യം സൂക്ഷിക്കണമെങ്കില്‍ അത് ആദ്യം നിങ്ങളില്‍ നിന്ന് തന്നെ മറച്ചു വയ്ക്കണം’ എന്ന ജോര്‍ജ് ഓര്‍വലിന്റെ വാചകം ഉദ്ധരിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിധി പ്രസ്താവം തുടങ്ങിയത്. രാഷ്ട്രീയ വിവാദങ്ങളില്‍ താല്പര്യമില്ല, പക്ഷേ ഭരണഘടന തത്വങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. ദേശസുരക്ഷ എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇതില്‍ നിന്ന് മാറിനില്ക്കാന് കോടതിക്ക് ആകില്ലെന്നും വിധിയില്‍ പറയുന്നു.
ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. വ്യക്തികളുടെ വിദേശ ഏജന്‍സികളോ, സ്ഥാപനങ്ങളോ ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിക്കാനുള്ള സാധ്യത ആരോപണങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ആരോപണങ്ങളുടെ അടിവേര് കണ്ടെത്തുന്നതിന് വിദഗ്ദ സമിതിക്ക് രൂപം നല്‍കുകയാണെന്നും വിധിയില്‍ പറയുന്നു.
എട്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. സാങ്കേതിക സംവിധാനങ്ങളുടെ വളര്‍ച്ച അംഗീകരിക്കുമ്പോഴും സ്വകാര്യതയിലക്കുള്ള കടന്നുകയറ്റം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം എന്നിവ അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.


