സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഐഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് രംഗത്ത്. എകെജി സെന്റര്‍ ആക്രമണം പോലെ തന്നെയാണ് ഇതും. നിലവിലെ വിവാദത്തല്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഒടുവില്‍ പൊലീസിന് തത്വമസി എന്ന് എഴുതേണ്ടി വരും. അതായത് എകെജി സെന്റര്‍ ആക്രമിച്ചതും നീ തന്നെ, സിപിഐഎം ഓഫീസ് ആക്രമിച്ചതും നീ തന്നെ.- അദ്ദേഹം പരിഹസിച്ചു.
ഇടത് വലത് മുന്നണികള്‍ പോപ്പുലര്‍ ഫ്രണ്ടിനെ മത്സരിച്ച് പ്രോത്സാഹിപ്പാക്കുകയാണ്. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചീഫ് വിപ്പ് വിഷയം അറിഞ്ഞില്ല എന്നാണ് പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയെ അറിയില്ല എന്നും അദ്ദേഹം പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ അറിയില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല അദ്ദേഹം. തീക്കൊള്ളി കൊണ്ടാണ് ഇടത്, വലത് മുന്നണികള്‍ തല ചൊറിയുന്നതെന്നും വോട്ട് ബാങ്കിന് വേണ്ടി നാടിന്റെ താല്പര്യ ബലി കഴിക്കുകയാണ് ഇരു കൂട്ടരെന്നും അദ്ദേഹം ആരോപിച്ചു.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഴുവന്‍ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായത്. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെയും കല്ലേറുണ്ടായി. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.