മുഖ്യമന്ത്രി പിണറായി വിജയനെ ‘കുന്ദംകുളം കിം’ എന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജനങ്ങള്‍ക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ‘കുന്ദംകുളം കിം’ എന്ന് പിണറായി വിജയനെ പരാമര്‍ശിച്ചത്. തുറന്ന പുസ്തകമാകുന്ന മുഖ്യമന്ത്രിയുടെ ജീവിതത്തിലെ പല പേജും വായിക്കാന്‍ കൊള്ളില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, സര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിക്കെതിരെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രംഗത്ത് വന്നത്. സ്വര്‍ണം ബിരിയാണി ചെമ്പില്‍ കൊണ്ടു വന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം കത്തിച്ചാല്‍ വിജയനെയോ സര്‍ക്കാരിനെയോ തകര്‍ക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം. അതിലെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എം പി ഓഫീസില്‍ നിന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയ ശേഷം ഒരു ചാനല്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാര്‍ത്തയായി വന്നിട്ടുമുണ്ട്. എസ്എഫ്ഐക്കാര്‍ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതില്‍ ഗാന്ധി ചിത്രം ചുമരിലാണുള്ളത്.
മാധ്യമ പ്രവര്‍ത്തകരിറങ്ങിയ ശേഷവും എസ്എഫ്ഐക്കാര്‍ പോയ ശേഷവും കോണ്‍ഗ്രസുകാരാണ് അവിടെയുണ്ടായിരുന്നത്. ആരുടെ കുബുദ്ധിയില്‍ നിന്നാണ് ഈ ആശയമുണ്ടായത്. ചുമരിലെ ചിത്രം ആരാണ് താഴെയെത്തിച്ചത്. ആരാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്. എസ്എഫ്ഐക്കാര്‍ പോയ ശേഷമാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്ന് വ്യക്തമാണ്. ഇവര്‍ (കോണ്‍ഗ്രസുകാര്‍) ഗാന്ധി ശിഷ്യര്‍ തന്നെയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗോഡ്സേ പ്രായോഗികമായി ചെയ്തത് ഇവര്‍ പ്രതീകാത്മകമായി ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.