ക്വട്ടേഷന്‍ ബന്ധം തുടച്ചു നീക്കാനുളള തീരുമാനവുമായി സിപിഎം. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്താനും പിന്തിരിപ്പിക്കാനുമാണ് തീരുമാനം. നാലു കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ക്വട്ടേഷന്‍ ബന്ധമുള്ളവരെ പിന്തിരിപ്പിക്കാന് ശ്രമിച്ച് പരാജയപെട്ടാല്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. വര്‍ഗ – ബഹുജന സംഘടനകളിലെ പ്രധാന പ്രവര്‍ത്തകരേയും നേതാക്കളേയും നീരിക്ഷിക്കും.
രാമനാട്ടുകര അപകടം, സ്വര്‍ണ്ണക്കടത്ത് കേസ് എന്നിവയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിപിഐഎം ക്വട്ടേഷനെതിരെ നടപടി ശക്തമാക്കാനൊരുങ്ങിയത്. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവരുമായി സഹകരിക്കരുതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. പാര്‍ട്ടിയുമായി മുമ്പ് ബന്ധമുണ്ടായിരുന്നവര്‍, സ്വര്‍ണക്കള്ളക്കടത്ത്- ഹവാല ഇടപാട് എന്നിവയുമായി ബന്ധമുള്ളവര്‍, കൂലിത്തല്ലുകാര്‍ എന്നിവരുമായി പ്രവര്‍ത്തകര്‍ക്ക് ബന്ധം പാടില്ല, ഇത്തരക്കാരില്‍ ഇപ്പോള്‍ പുറത്ത് വന്ന പേരുകള്‍ മാത്രമല്ല, അവരോട് ബന്ധമുള്ളവരേയും അകറ്റി നിര്‍ത്തണമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം.
നിലവില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായ അര്ജ്ജുന് ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. സജേഷിനെ ഡിവൈഎഫ്ഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു. വിഷയത്തില്‍ ഡിവൈഎഫ്ഐ പ്രതിസന്ധിയിലായതോടെയാണ് നീക്കം.
സജേഷിന്റെ കാര്‍ എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.


