ഹരിയാനയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 2 കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വിഷം നല്കിയ ശേഷം ഗൃഹനാഥന് തൂങ്ങി മരിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അംബാലയിലെ ബലാന ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം.
65 കാരനായ സംഗത് സിംഗ്, ഭാര്യ മഹീന്ദ്ര കൗര്‍ (62), ഇവരുടെ മകന് സുഖ്വീന്ദര് സിംഗ് (32), സുഖ്വീന്ദറിന്റെ ഭാര്യ പ്രമീള (28), രണ്ട് പേരക്കുട്ടികള്‍ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുറിപ്പില്‍ പറയുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശാധന നടത്തി.
യമുനാനഗറിലെ ഇരുചക്ര വാഹന കമ്പനിയിലാണ് സുഖ്വീന്ദര് സിങ് ജോലി ചെയ്തിരുന്നത്. വീട്ടുകാര്‍ വീടിന് പുറത്തിറങ്ങാതായതോടെ അയല്‍ വാസികള്‍ നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്. പരിഭ്രാന്തരായ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മൃതദേഹങ്ങള്‍ അംബാല നഗരത്തിലെ ട്രോമ സെന്ററിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.