സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തം അട്ടിമറിയെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമുഖം തീര്‍ത്തു. ബിജെപി, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ മിക്കയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശി, ജലപീരങ്കിയും പ്രയോഗിച്ചു. തീപിടിത്തത്തിന് പിന്നാലെ തുടങ്ങിയ സമരങ്ങള്‍ സെക്രട്ടേറിയറ്റില്‍ ഇന്നും തുടര്‍ന്നു. ആദ്യം യു.ഡി.എഫിന്റെ കരിദിന പ്രതിഷേധമായിരുന്നു. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് മഹിളാ കോണ്‍ഗ്രസുമെത്തി.
എസ്.ഡി.പിഐയുടെ മാര്‍ച്ചോടെ സംഘര്‍ഷാവസ്ഥ തുടങ്ങി. പിന്നാലെയെത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ പല തവണ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിട്ട പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. ബി.ജെ.പി നേതാക്കളും ചേര്‍ന്നതോടെ കോവിഡ് കാലത്തും സമരഗേറ്റ് സമരക്കാരാല്‍ നിറഞ്ഞു.
കണ്ണൂരില്‍ ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശി. കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി, പ്രതീകാത്മകമായി ഫയലുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. കൊല്ലം കലക്ട്രേറ്റിലേക്ക് തള്ളിക്കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പിന്നാലെ എത്തിയ ആര്‍വൈഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ ഉന്തുംതള്ളുമുണ്ടായി.
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റേയും മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. കാസര്‍കോട് കലക്ട്രേറ്റ് യുഡിഎഫ് ഉപരോധിച്ചു. താലൂക്ക് ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു. കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരരെ അറസ്റ്റ് ചെയ്തുനീക്കി.


