മുഖ്യമന്ത്രിയുടെ വസതിയുടെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു. പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയേക്കൂടി വിന്യസിച്ചേക്കും. വസതിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി സി.സി.ടി.വി കാമറകളുടെ നിരീക്ഷണത്തിലാക്കാനും ശുപാര്‍ശ. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ളിഫ് ഹൗസ് മേഖലയില്‍ കടന്ന് കല്ലിട്ടതുള്‍പ്പെടെ സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നതോടെയാണ് നടപടി.
ആയുധധാരികള്‍ ഉള്‍പ്പടെ 20 വ്യവസായ സേനാംഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്പോണ്‍സ് ടീം ഉള്‍പ്പടെ 60 പൊലീസുകാരാണ് നിലവില്‍ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. കൂടുതല്‍ സേനാ വിന്യാസം ആവശ്യമാണോയെന്ന കാര്യവും പരിഗണനയിലാണ്.
സില്‍വന്‍ ലൈനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കാവല്‍ നില്ക്കുമ്പോള് ക്ലിഫ് ഹൗസില്‍ ബി.ജെ.പി കല്ലിട്ടുവെന്നത് പൊലീസിന്റെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ പോയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് ജംഗ്ഷന് മുതല്‍ ക്ലിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും സ്ഥലം സി.സി ടി.വി ക്യാമറയുടെ നീരീക്ഷണത്തിലാക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ക്ളിഫ് ഹൗസ് ഉള്‍പ്പെടെയുള്ള മന്ത്രിമന്ദിരങ്ങളുടെ മേഖലയിലേക്ക് രണ്ട് റോഡുകളാണ്. രണ്ടിടത്തും കൂടുതല്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. ഇവിടങ്ങളിലെ സ്വകാര്യ വീടുകളിലേക്കുള്ള വഴികളും നിരീക്ഷണത്തിലാക്കും. അതേസമയം സുരക്ഷാ മേല്‍നോട്ടത്തിനായി ഒരു ഡി.ഐ.ജിയെ നിയോഗിക്കണമെന്ന് ശുപാര്‍ശയുണ്ടായിരുന്നെങ്കിലും ഇതുവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.


