അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയില്‍ വീഴ്ചകള്‍ പുറത്തു വന്നിട്ടും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സംരക്ഷിച്ച് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയും വരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
ഷിജുഖാന് തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നുമാണ് ആനാവൂര്‍ ആവര്‍ത്തിച്ചത്. വനിതാ ശിശുവികസന ഡയറക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശുഷേമ സമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട് വന്നാല്‍ നടപടി ആലോചിക്കാം. അത് വരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂര്‍ പറഞ്ഞു.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും അവസാന വാക്ക് ആനാവൂരല്ല എന്നായിരുന്നു ആനാവൂരിന് അനുപമയുടെ മറുപടി. ആനാവൂരും തെറ്റുകാരനാണ്. ഷിഷുഖാനെ ആനാവൂര്‍ സംരക്ഷിക്കുന്നത് അതു കൊണ്ടാണെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റിയവര്‍ക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. തുടര്‍ സമര പരിപാടികള്‍ അനുപമ ഇന്ന് പ്രഖ്യാപിക്കും.
ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ദത്ത് നടപടികളില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു ടി വി അനുപമയുടെ കണ്ടെത്തല്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നാണ് ആനാവൂര്‍ പറയുന്നത്.