സ്കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ ചര്‍ച്ചകള്‍ ശേഷമെ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയുള്ളൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. വിഷയത്തില്‍ ആദ്യമേ സമ്മര്‍ദ്ദം ചെലുത്തേണ്ട കാര്യമില്ലെന്നും നിലവില്‍ തീരുമാനമെടുത്തിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ.
കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റിയ നല്ല സമയം രാവിലെയാണ്. ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങള്‍ക്ക് പ്രധാന്യം കൊടുക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ സമസ്തയുള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നാണ് സമസ്തയുടെ നിലപാട്. പഠന സമയം എട്ടു മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പറഞ്ഞു.
സ്കൂള്‍ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്കൂളുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും മുസ്ലിം സ്കൂളുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയുമാണ് നിലവില്‍ പഠന സമയം.


