യു.ഡി.എഫ് വിട്ടവരെ തിരിച്ചെത്തിക്കാനുള്ള ചിന്തന്‍ ശിബിര തീരുമാനത്തോട് കേരള കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും തുടക്കത്തിലെ മുഖം തിരിച്ചെങ്കിലും ഇടതുപക്ഷത്തെ അസ്വസ്ഥതകള്‍ മുതലെടുക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദീര്‍ഘകാല പദ്ധതികളാണ് മുന്നണി വിപുലീകരണത്തിന് കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്.
മുന്നണി വിട്ടവരെ ഒറ്റദിവസം കൊണ്ട് തിരിച്ചെത്തിക്കാനാകുമെന്ന ചിന്ത കോണ്‍ഗ്രസിനില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കുകയാണ് ആദ്യ ലക്ഷ്യം. എല്‍.ഡി.എഫിനൊപ്പം നിന്ന ക്രിസ്ത്യന്‍ മുസ്ളീം സമുദായങ്ങളെ തിരികെയെത്തിക്കണമെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റ ന്യൂനപക്ഷ വിരുദ്ധത തുറന്നു കാണിക്കണം.
കേന്ദ്രത്തില്‍ ബി.ജെപി ചെയ്യുന്നത് തന്നെയാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തണം. താഴെത്തട്ടു മുതല്‍ അതിനുള്ള ശ്രമങ്ങളായിരിക്കും വരും ദിവസങ്ങളിലുണ്ടാവുക. ഒപ്പം ക്രിസ്ത്യന്‍ മേഖലയില്‍ കടന്നു കയറാനുള്ള ബി.ജെ.പി നീക്കത്തേയും തടയുക. ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാനാകുന്നതോടെ മുന്നണി വിട്ടവര്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷ.
പിണറായി വിജയനെതിരെ സി.പിഐ സമ്മേളനങ്ങളില്‍ ഉയരുന്ന കടുത്ത വിമര്‍ശനവും കോണ്‍ഗ്രസ് സൂക്ഷ്മതോടെ നിരീക്ഷിക്കുന്നുണ്ട്. ഇടത് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികള്‍ക്ക് എല്‍.ഡി.എഫില്‍ ഇനി തുടരാനാകില്ലെന്ന ചിന്തന്‍ ശിബിരത്തിലെ കെ സുധാകരന്റ പ്രസ്താവനയും സി.പി.െഎയെ ഉന്നമിട്ടാണ്.


