ഐ.എന്‍.എല്‍ പിളര്‍ന്നു. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സമാന്തരമായി സെക്രട്ടേറിയറ്റ് യോഗം നടത്തി. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെന്ന് അബ്ദുല്‍ വഹാബും അബ്ദുല്‍ വഹാബിനെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെന്ന് കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു. ഏഴ് സെക്രട്ടേറിയറ്റ് അംഗങ്ങളെയും പുറത്താക്കിയെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ നടപടിക്ക് സാധുത ഇല്ലെന്ന് അബ്ദുല്‍ വഹാബും പറഞ്ഞു.
സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. തോപ്പുംപടിയില്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. ആറ് പേരെ പുറത്താക്കണമെന്നാണ് അവേയബിള്‍ സെക്രട്ടേറിയേറ്റിന്റെ തീരുമാനം. സമാന്തര യോഗങ്ങളില്‍ തീരുമാനമെടുത്തു. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എപി അബ്ദുള്‍ വഹാബിനെ മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചു. ബി ഹംസ ഹാജിക്കാണ് വര്‍ക്കിംഗ് പ്രസിഡന്റിന്റെ ചുമതല.
മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കാസിം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനൊപ്പമാണ്. ചെറുവിഭാഗമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോതെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. എന്നാല്‍ 22 അംഗ സെക്രട്ടേറിയറ്റില്‍ 14 പേരുടെ പിന്തുണയുണ്ടെന്ന് അബ്ദുല്‍ വഹാബ് അവകാശപ്പെട്ടു. ഐഎന്‍എല്‍ പ്രവര്‍ത്തകരല്ല, ഗുണ്ടകളാണ് ഏറ്റുമുട്ടിയതെന്ന് കാസിം അവകാശപ്പെട്ടു. ലീഗ് ഗൂഢാലോചന സംശയിക്കുന്നുവെന്ന സൂചനയും അദ്ദേഹം നല്കി. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഇതിന്റെ ഉദാഹരണമാണ് അദ്ദേഹം പറഞ്ഞു.
രാവിലെ കൊച്ചിയില്‍ പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. അതിനിടയില്‍ കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പാര്‍ട്ടിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ആരോപണം ഉയര്‍ന്നു. പിഎസ്സി സീറ്റ് വില്പന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അനധികൃത നിയമനം തുടങ്ങിയ വിവാദങ്ങള്‍ക്ക് ഇടയിലാണ് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്. പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തുടക്കം തന്നെ തല്ലി പിരിഞ്ഞു.
സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും തന്നിഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നടത്തുന്നത് എന്നും ഇവരുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് യോഗം പിരിച്ച് വിട്ട് മാധ്യമങ്ങളോട് തുറന്നടിച്ചു. തൊട്ട് പിന്നാലെ പ്രവര്‍ത്തകരും രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ആക്രമിച്ചു.
പിന്നീട് എറണാകുളം കാനോന്‍ ഷെഡ് റോഡും സാസ് ടവറും തെരുവ് യുദ്ധത്തിന് വേദിയായി. മന്ത്രിയേയും കാസിം ഇരിക്കൂറിനെയും പുറത്ത് വിടില്ല എന്ന് ഒരു കൂട്ടര് വാദിച്ചപ്പോള്‍ മറുകൂട്ടര്‍ ഇവര്‍ക്ക് സംരക്ഷണം നല്കാന് വന്നത് സംഘര്‍ഷം ഇരട്ടിയാക്കി. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ ഒരു പട തന്നെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഇറങ്ങേണ്ടി വന്നു. പിന്നെ പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാങ്കളി ആയിരുന്നു. ഒടുവില്‍ പ്രശ്നക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ നേതാക്കളും മന്ത്രിയും ഈ തക്കത്തില്‍ കളം ഒഴിഞ്ഞു.


