ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സര്‍ക്കാരും പ്രതിപക്ഷവും തുറന്ന പോരില്‍. കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിന് പിന്നിലെ ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതാവിനോടൊപ്പം ഇപ്പോള്‍ ഉള്ളയാളും മുന്‍പുണ്ടായിരുന്നയാളും പങ്കാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മയും പറഞ്ഞു.
പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കടല്‍ വില്പനയെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ വിവാദത്തില്‍ വലിച്ചിഴക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിച്ചു. ഗൂഡാലോചനയില്‍ ദല്ലാള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആളും ഇടപെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ ദുരുദ്ദേശത്തോടെ ആയിരുന്നു ചിലരുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നും, കപ്പല്‍ നിര്‍മ്മാണ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് മാത്രമാണ് സര്‍ക്കാരിന്റെ വീഴ്ചയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.


