ലോകായുക്തയുടെ അധികാരം മറികടക്കാന്‍ നിയമഭേദഗതിയുമായി രംഗത്തെത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ലോകായുക്തയെ നിഷ്ക്രിയമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സതീശന് ആരോപിച്ചു. അഴിമതി നിരോധന നിയമത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും സതീശന് അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്.
ലോകായുക്തയുടെ പ്രസക്തി സര്‍ക്കാര്‍ കൗശലപൂര്‍വം ഇല്ലാതാക്കി. ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ദുരൂഹം. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തല്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കഴിഞ്ഞ മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയിരുന്നു.
നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ തല്‍സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാന്‍ കഴിയും. മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാല്‍ മുഖ്യമന്ത്രിയോ ഗവര്‍ണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിര്‍മാണത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.


