ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു. വനിതാ പ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാന്‍ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ആനാവൂര്‍ നാഗപ്പന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. ഈ ആരോപണം ആനാവൂര്‍ നാഗപ്പന് നേരത്തെ തള്ളിയിരുന്നു.
ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂര്‍ പ്രതികരിച്ചു. എസ്എഫ്ഐയില്‍ അംഗത്വമെടുക്കുമ്പോള്‍ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാര്‍ ഒള്ളൂ. ഞാന്‍ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂര്‍ നാഗപ്പന് ചോദിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടി കടുപ്പിക്കുകയാണ് സിപിഎം. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി കൊണ്ടുള്ള ശബ്ദരേഖ പുറത്ത് വന്നത്. എസ്എഫ്ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചത് ആനാവൂരാണെന്ന് അച്ചടക്ക നടപടി നേരിട്ട മുന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ ശബദരേഖയാണ് പുറത്ത് വന്നത്.
വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാള്‍ക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേമത്തെ ഡിവൈഎഫ്ഐ നേതാവും എസ് എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ അഭിജിത്തിനെതിരെ സിപിഐഎം നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പിന്തുണയോടെ പ്രായം മറച്ചുവെച്ചാണ് താന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാന്നതെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അഭിജിത്തിന്റെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.