മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതിനാവശ്യമായ യോഗ്യതയുണ്ടോ എന്നതില്‍ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്. പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതില്‍ വ്യക്തത ഇല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നും വിസി പറഞ്ഞു.
ഒരാള്‍ക്ക് അവസരം നഷ്ടമാകരുത് എന്നാണ് യൂണിവേഴ്സിറ്റി കരുതിയത്. ആ തിരുമാനത്തിന്റെ ഭാഗമായാണ് ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ചത്. നിയമ ഉപദേശം കിട്ടിയ ശേഷമേ തുടര്‍ നടപടി ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ പ്രിയാ വര്‍ഗീസിനാണോ ഒന്നാം റാങ്ക് എന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
യൂണിവേഴ്സിറ്റിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സേവ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പോസറ്റീവായി കാണുന്നില്ല. എയിഡഡ് കോളേജുകളില്‍ കേറാന്‍ വേണ്ടി അമ്പതും അറുപതും ലക്ഷങ്ങളാണ് എന്നോട് ആളുകള്‍ പറയുന്നത്. ഈ രീതിയോട് യോജിപ്പില്ല. തുറന്ന കൈക്കൂലി വാങ്ങി ജോലി നേടുന്ന ഈ രീതിയാണ് മാറേണ്ടത്. ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തോട് യോജിപ്പുള്ളയാളാണ് ഞാന്‍. പക്ഷേ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും ഗോപിനാഥ് രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രിയയുടെ നിയമന നീക്കം വിവാദമായതോടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇടപെട്ടിട്ടുണ്ട്. വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. നിയമനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്.


