വിവാദമായ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അല്പസമയം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിയമ ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കാന്‍ തീരുമാനിച്ചു. മാധ്യമങ്ങളുടെയും വ്യക്തികളുടെയും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമഭേദഗതിക്കെതിരെ മുന്നണിക്ക് അകത്തും പുറത്തും കടുത്തവിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്‍വലിക്കാനുള്ള തീരുമാനം.
ഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയക്കും. വിശദമായ ചര്‍ച്ചക്ക് ശേഷം മതി നിയമഭേദഗതിയോ പുതിയ നിയമ നിര്‍മാണമോ എന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റേയും തീരുമാനം. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മാധ്യമസ്വാതന്ത്ര്യത്തിനെതിരെ ഇടത് സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമഭേദഗതി കൊണ്ടുവരുന്നത് തെറ്റായ കീഴ്വഴക്കം രാജ്യത്തെമ്പാടും സൃഷ്ടിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സൈബര്‍ ആക്രമണം, സമൂഹ മാധ്യമങ്ങളിലൂടയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍, ചിത്രങ്ങളുടെ പ്രസിദ്ധീകരണം എന്നിവ തടയാന്‍ കര്‍ശനമായ നിയമം ആവശ്യമാണ്. പക്ഷെ അത് വ്യക്തികളുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം കവര്ന്നുകൊണ്ടാകരുതെന്ന് ഇടതുസഹയാത്രികര്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
ഇപ്പോള്‍ സംഭവിച്ചത് പോലുള്ള ജാഗ്രതക്കുറവും ഉണ്ടാകാന്‍പാടില്ല. നിയമസഭയില്‍ വിശദമായ ചര്‍ച്ചവേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തേ തുടര്‍നടപടികളുണ്ടാവൂ. അതേസമയം പൊലീസ് നിയമഭേദഗതി പരിഷ്ക്കരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെയും അറിയിച്ചു. റിപ്പീല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അഗീകരിക്കുമോ അതോ എന്തുകൊണ്ടാണ് ഏതാനും ദിവസം മുന്‍പ് ഒപ്പിട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നത് എന്ന വിശദീകരണം ചോദിക്കുമോ എന്നതും സര്‍ക്കാരിനെ കുഴക്കുന്നുണ്ട്.
പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ ഇന്നലെ പിന്മാറിയിരുന്നു. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.


