ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കെഎസ്ആര്‍ടിസി മാനേജ്മെന്റിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. സെപ്റ്റംബര്‍ ഒന്നിന് ശമ്പള കുടിശ്ശിക നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ശമ്പള വിതരണത്തിനായി 103 കോടി രൂപ അടിയന്തരമായി സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
103 കോടി രൂപ നല്‍കണമെന്ന് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്കാന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്.
സര്‍ക്കാര്‍ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്കാന് സാധിക്കാത്ത അവസ്ഥയാണെന്ന് നിലവിലെന്ന് ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേ കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയത്. ഓണത്തിന് മുന്‍പ് ശമ്പളം നല്‍കാനാണ് കെഎസ്ആര്‍ടിയുടെ ശ്രമം. ബോണസ് അടക്കം നല്കണമെങ്കില് മൂന്ന് കോടി അധികം നല്‍കണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ശമ്പളം നല്കാന് പത്ത് ദിവസം കൂടി സമയം വേണമെന്ന് മാനേജ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം.


