സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പില്‍ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കും വരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഭീകരമായ അഴിമതിയും കൊളളയുമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമൊക്കെ. കള്ളക്കടത്തുകാര്‍ക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി. സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം ഓരോ ദിവസവും തെളിയുകയാണ്. എല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും എല്ലാം മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല.
തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ ഭരണ-പ്രതിപക്ഷ പ്രമേയ ചര്‍ച്ചയില്‍ തനിയ്ക്ക് ശക്തമായ വിയോജിപ്പുണ്ടെന്നു പറഞ്ഞ് സംസാരിക്കാന്‍ കൈ ഉയര്‍ത്തിയ ഒ.രാജഗോപാല്‍ എം.എല്‍.എയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു. പ്രതിഷേധം ഒ.രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന് നിയമസഭയ്ക്ക് അകത്തുപോലും നീതി കാണിക്കുന്നില്ല. കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്ത് സരിതയായിരുന്നെങ്കില്‍ കമ്മ്യൂസിറ്റ് സര്‍ക്കാരിന്റെ കാലത്ത് സ്വപ്ന എന്നത് മാത്രമാണ് വ്യത്യാസം. ബാക്കി അഴിമതികളെല്ലാം ഒന്നുതന്നെയാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്, പി.സുധീര്‍, വൈസ് പ്രസിഡന്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്. സുരേഷ്, സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവരെയാണ് സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് യുവമോര്‍ച്ചയും നിയമസഭയിലേയ്ക്ക് മാര്‍ച്ച് നടത്തി. കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.


