ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. പേട്ട സിഐ ആയിരുന്ന എസ്. വിജയന് ഒന്നാം പ്രതിയാണ്. കേസില്‍ സിബി മാത്യൂസും ആര്.ബി. ശ്രീകുമാറും ഉള്‍പ്പെടെ 18 പ്രതികളാണ് ആകെയുള്ളത്. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐയുടെ നടപടി. ഈ എഫ്ഐആര്‍ അനുസരിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് സിബിഐ വ്യക്തമാക്കി.
പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയുമാണ്. ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്.ബി. ശ്രീകുമാര്‍ പ്രതി പട്ടികയില്‍ ഏഴാമതാണ്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി. ആര് രാജീവന്, എസ്.ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്.
ഐഎസ്ആര്‍ഒ ചാരക്കേസ് കൃതൃമമായി ഉണ്ടാക്കിയതാണെന്നായിരുന്നു നമ്പി നാരായണന് ആദ്യം മുതലേ പറഞ്ഞത്. നമ്പി നാരായണന് കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും നഷ്ടപരിഹാരം വിധിക്കുകയും ചെയ്തതിനു ശേഷമാണ് ഇദ്ദേഹം കേസിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്ന് ആവശ്യമുന്നയിച്ച് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചത്.
അതേസമയം, ഗുജറാത്ത് കലാപകേസുകള്‍ അന്വേഷിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് ആര്.ബി.ശ്രീകുമാര്‍ പ്രതികരിച്ചു. ചാരക്കേസിലെ സിബിഐ എഫ്.ഐ.ആര് ഇതിന്റെ ഭാഗമാണ്. എഫ്.ഐ.ആര് കാണാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ആര്.ബി. ശ്രീകുമാര്‍ പറഞ്ഞു.


