രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ വിതരണം തടസപ്പെടുത്തുന്നത് ആരാണോ അയാളെ തൂക്കിലേറ്റണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. ഓക്സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ മഹാരാജ അഗ്രസെന്‍ ആശുപത്രിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. രണ്ടാം തരംഗം ഇപ്പോഴും അതിന്റെ മൂര്ധന്യാവസ്ഥയില് എത്തിയിട്ടില്ല. മെയ് പകുതിയോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് കരുതുന്നത്. അതിനെ നേരിടാന്‍ എന്ത് തയ്യാറെടുപ്പാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്നും കോടതി ചോദിച്ചു. വരും ആഴ്ചകളില്‍ കോവിഡ് കേസുകള്‍ അതിവേഗം ഉയരാന്‍ സാധ്യതയുണ്ട്. പരിഭ്രാന്തി സൃഷ്ടിക്കാനല്ല, മറിച്ച് ഏറ്റവും മോശമായ അവസ്ഥയ്ക്ക് തയ്യാറായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
480 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ലഭിച്ചെല്ലെങ്കില്‍ ആരോഗ്യ സംവിധാനം പാടെ തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഓക്സിജന്‍ അപര്യാപ്തതയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോടതി നടത്തിക്കൊണ്ടിരിക്കുന്നത്.


