ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് നിര്‍ണായക തീരുമാനം പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. നേരത്തെ എന്‍എസ്എസ് അടക്കം ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധികാരത്തില്‍ വന്നാല്‍ കേസ് പിന്‍വലിക്കുമെന്ന് യുഡിഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ ഒപ്പം നിര്‍ത്തുകയെന്ന ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ ശബരിമല യുവതീ പ്രവേശന വിധി വന്ന സമയത്ത് നടന്ന പ്രതിഷേധ, പ്രക്ഷോഭങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയടക്കം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ക്രമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം.
കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ ഒരു പോലെ പരിഗണിക്കാനുള്ള തീരുമാനത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും ശബരിമലയില്‍ ഒരു ക്രിമിനല്‍ ആക്രമണവും വിശ്വാസികള്‍ നടത്തിയിട്ടില്ലെന്നും എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് അവശ്യപ്പെടാനുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. തീരുമാനത്തെ എന്‍എസ്എസ് സ്വാഗതം ചെയ്തു.