പാകിസ്താനിലെ കറാച്ചിയില്‍ ഒളിച്ചോടി വിവാഹം കഴിച്ച പെണ്‍കുട്ടിയെ(19) പിതാവ് കോടതി പരിസരത്ത് വച്ച് വെടിവച്ചു കൊന്നു. തിങ്കളാഴ്ച കറാച്ചി സിറ്റി കോടതിയുടെ കവാടത്തില്‍ വച്ചാണ് കൊലപാതകം നടന്നതെന്ന് സിറ്റി സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ഷബീര്‍ അഹമ്മദ് സെത്താര് പറഞ്ഞു.
”പ്രതി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. സിറ്റി കോടതിയുടെ ഗേറ്റ് 4-ല്‍ എത്തിയപ്പോള്‍ പ്രതി അവള്‍ക്കു നേരെ വെടിയുതിര്‍ത്തു. സംഭവ സമയത്ത് ഇയാള്‍ തനിച്ചായിരുന്നുവെന്നും” സെതാര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഇമ്രാന് സമാന് (40), വാജിദ് കലീം(20) എന്നിവര്‍ക്ക് പരിക്കേറ്റു. പ്രതി അമീര്‍ ജാന്‍ മെഹ്സൂദിനെ (65) അറസ്റ്റ് ചെയ്തതായും ഇയാളില്‍ നിന്ന് ആയുധം കണ്ടെടുത്തതായും എസ്എസ്പി സെത്താര് പറഞ്ഞു. സമാന് അപകടനില തരണം ചെയ്തതായി പിരാബാദ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മുഖ്തിയാര്‍ അഹമ്മദ് പന്‍വാര്‍ അറിയിച്ചു. കോടതി കവാടത്തില്‍ വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥനെ അനാസ്ഥ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തതായി എസ്.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു.
മരിച്ച പെണ്‍കുട്ടി വീട്ടുകാരുടെ സമ്മതമില്ലാതെ ഡോക്ടറായ ഒരാളെ വിവാഹം കഴിക്കുകയായിരുന്നു. 10 ദിവസം മുന്‍പാണ് പെണ്‍കുട്ടി വീടു വിട്ടുപോയത്. ഇതിനു പിന്നാലെ പിതാവ് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഒറംഗിലെ പിരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഒറംഗി നഗരത്തില്‍ വച്ചാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും താന്‍ വിവാഹിതയായെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് അനീസ് റഹ്മാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


