റിപ്പബ്ലിക് ദിന ഫ്ലോട്ടില്‍ കേരളത്തെ ഒഴിവാക്കിയ നടപടിക്കെതികെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തീരുമാനത്തിന് പിന്നില്‍ സംഘ പരിവാര്‍ അജണ്ടയാണെന്ന് സിപിഐഎം മുഖപത്രത്തില്‍ കോടിയേരി ആരോപിച്ചു.
സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടും ശ്രീനാരായണ ദര്‍ശനവും പൊരുത്തപ്പെടാത്തതാണ് കാരണം. ആരൊക്കെ ഏച്ചുകെട്ടാന്‍ ശ്രമിച്ചാലും പൊരുത്തപ്പെടില്ല. ശ്രീ നാരായണ ഗുരുവിനെ അവതരിപ്പിച്ചതിനാണ് കേരളത്തെ മാറ്റി നിര്‍ത്തിയതെന്നും കോടിയേരി വിമര്‍ശിച്ചു. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശങ്ങള്‍. ശ്രീനാരായണ ദര്‍ശനവും സംഘപരിവാറും എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍ നിന്നുള്ള നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കാലികപ്രസക്തവും സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം സൂചിപ്പിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാനവികതയുടേയും സാഹോദര്യത്തിന്റേയും ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്താനുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെട്ടത്. വിഷയത്തില്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


