ലൈഫ് പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുമ്പോള്‍ വിജിലന്‍സിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫില്‍ കമ്മീഷന് ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
റെഡ്ക്രസന്റുമായുള്ള കരാര്‍ സംസ്ഥാനം ഒപ്പിട്ടത് കേന്ദ്രസര്‍ക്കാര്‍ അറിയാതെയാണെന്നിരിക്കെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. ലൈഫ് കരാര്‍ ഇതുവരെ പുറത്തുവിടാത്ത സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് രേഖകള്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണത്തിന്റെ കുന്തമുന തനിക്കെതിരെ തിരിഞ്ഞപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ തീവെച്ച് നശിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫാസിസമാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമങ്ങളെ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ച് പുറത്താക്കിയതിന്റെ തുടര്‍ച്ചയാണിത്.
വാര്‍ത്താസമ്മേളനങ്ങളില്‍ മാദ്ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികാരനടപടിയുമായി മുന്നോട്ട് പോവുകയാണ്. കേരളത്തെ ഉത്തരകൊറിയയാക്കാനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ ജനാധിപത്യരീതിയില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.