രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. ഇന്നലെ 83,347 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1085 മരണം കൂടി സ്ഥിരീകരിച്ചതോടെ 90020 പേര് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 56,46,010 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 45,87,613 പേര് ഇത് വരെ രോഗമുക്തി നേടി.
89746 പേര് കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ എല്ലാ ദിവസവും ആയിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരുദിവസം ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗം ഭേഗമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയാണ് കേന്ദ്ര സര്‍ക്കാരിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്.
ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. പരിശോധന കുറയ്ക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുമോ എന്ന ആശങ്കയാണ് ആരോഗ്യ രംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്.


