തൃശൂർ: മിസാ നാടകത്തിന്റെ രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ച സംഭവം, സദാചാര പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് DYFI. പൊതുസമ്മേളന വേദിയിലും നാടകം പ്രദർശിപ്പിക്കും എന്ന് വികെ സനോജ് പറഞ്ഞു. മിസാ എന്ന നാടകത്തിന്റെ ചില ഭാഗങ്ങൾ മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുകയാണ്. സ്നേഹലത റെഡിയുടെ ജീവിതമാണ് നാടകത്തിൽ വരച്ചുകാട്ടുന്നത്. ജീവിതയാഥാർത്ഥ്യം അവതരിപ്പിക്കുമ്പോൾ സദാചാരത്തിന്റെ കണ്ണിലൂടെ ഡിവൈഎഫ്ഐ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
നിയമനടപടികൾ സ്വീകരിക്കും. നാടകം പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കും. പൊതുസമ്മേളന നഗരിയിൽ നാളെ മിസാ നാടകം അരങ്ങേറും. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനവുമായി രംഗത്തെത്തുന്നതെന്നും സനോജ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലത റെഡ്ഡി നേരിട്ട ഭരണകൂട പീഡനമാണ് നാടകം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1975ലെ അടിയന്തരാവസ്ഥ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നുവെന്ന് സനോജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ സ്നേഹലത റെഡ്ഡി നേരിട്ട കൊടിയ പീഡനത്തിന്റെ കഥയാണ് ‘മിസ’ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിന്റെയും ചൂഷണത്തിന്റെയും രാഷ്ട്രീയം ഇന്നും അവസാനിച്ചിട്ടില്ലെന്ന സന്ദേശമാണ് നാടകം മുന്നോട്ടുവയ്ക്കുന്നതെന്നും സനോജ് പറഞ്ഞു.
നാടകത്തിലെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണിലൂടെ നോക്കുന്നവർ മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഒരു ജനത അനുഭവിച്ച പീഡനങ്ങളെയാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം അന്ന് വിവാദമായിരുന്നില്ലെന്നും സനോജ് പറഞ്ഞു. കലാവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

