തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയെടുക്കും എന്ന യുഡിഎഫിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് തള്ളി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച ജോസ് കെ മാണി പക്ഷത്തിന് അന്ത്യശാസനവുമായി യു.ഡി.എഫ് രംഗത്ത്. അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്. അന്ത്യശാസനത്തെ അതേപടി തള്ളിയ ജോസ് കെ മാണി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും ജോസ് കെ മാണി പ്രതികരിച്ചു. നിലവില്‍ അച്ചടക്കലംഘനത്തിനുള്ള സസ്പെന്‍ഷനിലാണ് കേരള കോണ്‍ഗ്രസ്. ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവും. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാന് പറഞ്ഞു. തെറ്റായ തീരുമാനം തിരുത്താന്‍ ഇനിയും അവസരമുണ്ട്. ഞങ്ങള്‍ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം.
വോട്ട് ചെയ്തില്ലായെങ്കില്‍ നാളെ തന്നെ മുന്നണി യോഗം ചേര്‍ന്ന് നടപടി തീരുമാനിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പും പാലിക്കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ട് നില്‍ക്കുന്നത് സര്‍ക്കാരിനെ സഹായിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന് എതിരായ അവിശ്വാസത്തില്‍ നിന്ന് ജോസ് വിഭാഗം വിട്ട് നില്‍ക്കരുതെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
എന്നാല്‍ വിപ്പ് നല്കാന് മുന്നണിക്ക് അധികാരം ഇല്ല. നിയമസഭാ രേഖ പ്രകാരം വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയില്‍ സ്വതന്ത്ര നിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ മാണി പ്രതികരിച്ചു.