സമുദായം വ്യക്തമാക്കാത്ത സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകള്‍ക്ക് ഇനി മുതല്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം അനുവദിക്കില്ല. ഇതുവരെ അനുവദിച്ചിരുന്ന 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ ജനറല്‍ മെറിറ്റിലേക്ക് മാറ്റി. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി.
ന്യൂനപക്ഷ – പിന്നാക്ക സമുദായ എയ്ഡഡ് സ്കൂളുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാനേജ്മെന്റ് ക്വാട്ടയിലും കമ്മ്യൂണിറ്റി ക്വാട്ടയിലും 20 ശതമാനം സീറ്റുകളാണ് അനുവദിച്ചു പോരുന്നത്. എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയ്ക്കൊപ്പം സ്കൂള്‍ മാനജ്മെന്റിന്റെ സമുദായത്തിലെ കുട്ടികള്‍ക്ക് കമ്മ്യൂണിറ്റി ക്വാട്ടയിലും 10 ശതമാനം സീറ്റും അനുവദിക്കും.
എന്നാല്‍ ഇത്തരത്തില്‍ പ്രവേശനം നല്കുന്ന പല എയ്ഡഡ് സ്കൂളുകളും സമുദായം വ്യക്തമാക്കിക്കൊണ്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പ്ലസ് വണ്‍ പ്രവേശന വേളയിലെ സര്‍ക്കാരിന്റെ ഉത്തരവ് പല എയ്ഡഡ് സ്കൂളുകള്‍ക്കും തിരിച്ചടിയാണ്.
എന്നാല്‍ സമുദായം വ്യക്തമാക്കി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.