രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പുരോഗമിക്കുന്നതിനിടെ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം പുരോഗമിക്കുന്നതിനിടെ വിശദാംശങ്ങള്‍ അരവിന്ദ് കേജ്രിവാള് പരസ്യപ്പെടുത്തിയതില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. യോഗം രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കി കേജ്രിവാള് മാറ്റിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം.
രോഗികള്‍ റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയര്‍ന്നതോടെയാണ് ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് യോഗങ്ങള്‍ വിളിച്ചത്. രാവിലെ ഉദ്യോഗസ്ഥതലത്തില്‍ നടന്ന യോഗത്തിന് ശേഷം രോഗബാധ രൂക്ഷമായ കേരളമുള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ഓക്സിജന്‍, വാക്സിന് ക്ഷാമം മുഖ്യമന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

വിവിധ സംസ്ഥാനങ്ങള്‍ ഗുരുതരമായ ഓക്സിജന്‍ ക്ഷാമം നേരിടുന്നതിനിടെയാണ് ഓക്സിജന്‍ കമ്പനികളുമായുള്ള പ്രധാനമന്ത്രിയുടെ യോഗം നടന്നത്. ഓക്സിജന്‍ നിര്‍മാണവും വിതരണവും ഉറപ്പു വരുത്തണമെന്ന് ഇതിനോടകം തന്നെ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് പുതുതായി 3,32,730 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത് 2263 പേരാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രണ്ടായിരത്തിന് മുകളില്‍ രാജ്യത്തെ പ്രതിദിന മരണസംഖ്യ കടക്കുന്നത്. 24 ലക്ഷത്തിലധികം രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്.
രാജ്യത്തെ രോഗമുക്തി നിരക്ക് 84.46 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തില്‍ മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം.


