സില്‍വര്‍ ലൈന്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രി സജി ചെറിയാന് നിലപാട് തിരുത്തി. ബഫര്‍ സോണുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കുകയാണെന്നും ഇക്കാര്യത്തില്‍ തന്റെ ഭാഗത്തു നിന്നാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയതോടെയാണ് സജി ചെറിയാന് നിലപാട് തിരുത്തിയത്.
നേരത്തേ ബഫര്‍ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാന് രംഗത്തെത്തിയത് വിവാദമായിരുന്നു. സില്‍വര്‍ ലൈനുവേണ്ടി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ബി.ജെ.പി-കോണ്‍ഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സ്വകാര്യ അന്യായവുമായി നാട്ടുകാര്‍ കോടതിയിയെ സമീപിക്കാനൊരുങ്ങുകയാണ്. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ എതിര് കക്ഷിയാക്കി കേസ് നല്‍കും. കോഴിക്കോട് കോടതിയില്‍ വീട്ടുകാര്‍ പ്രത്യേകമായി പരാതി നല്‍കും. ഉദ്യോഗസ്ഥരുടെ പേരുകള്‍ സഹിതം കേസ് നല്‍കുമെന്നാണ് സമര സമിതി നേതാക്കള്‍ വ്യക്തമാക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും.


