മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യാഗസ്ഥന് എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയുടെ ചാറ്റിനോട് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്കി സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നാണ് പരാതി. ഒരു ഐഎഎസ് ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായിരിക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെയുഡബ്ല്യുജെ പരാതിയില്‍ വ്യക്തമാക്കി.
‘താല്പര്യമില്ലെങ്കില് പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്കി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമ പ്രവര്‍ത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്.’ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.
വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍ നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്. ഫോണില്‍ വളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥന് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്.
ഇത് വനിതകള്‍ക്കെതിരെ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്കിയ നിവേദനത്തില്‍ പറഞ്ഞു.



