പൊലീസിലെ ചിലര്‍ ചില വൈകൃതങ്ങള്‍ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ക്രിമനലുകളെ നേരിടാനാണ് പോലീസ് സേന. ആ പൊലീസ് സേനയില്‍ ക്രിമിനലുകള്‍ വേണ്ട. ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ അത് പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐയെ ഏല്‍പ്പിക്കും. ഇത്തരം സംഭവങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞു. മികവാര്‍ന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാന്‍ കഴിയുന്നു. പൊലീസ് സേന അഭിവൃദ്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
നിലവില്‍ കേരള പൊലിസ് ലോകത്തേറ്റവും അഭിമാനിക്കാന്‍ കഴിയുന്ന വിധം മാറി. എം ടെക് ബിരുദധാരികള്‍ ഉള്‍പ്പെടെ നിരവധി പ്രൊഫഷണലുകള്‍ ഇന്ന് സേനയില്ചേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ കേരള പൊലിസ് മാതൃകാപരമാണ്. മുമ്പ് പ്രായം കൂടിയവരോട് പോലും നിന്ദ്യമായിട്ടാണ് പൊലിസ് പെരുമാറിയിരുന്നത്. അന്നൊക്കെ പൊലിസ് സ്റ്റേഷന് ഭയപ്പെടേണ്ട സ്ഥലമായിരുന്നു.
നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പോലീസ് അന്ന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. അക്കാലത്ത് തൊഴിലാളികള്‍ ചെറിയ ഒരു ജാഥ നടത്തിയാല്‍ പോലീസ് തല്ലി തകര്‍ക്കുമായിരുന്നു. ജനങ്ങള്‍ക്കെതിരായ സേന ആയിരുന്നു അന്ന് പോലീസ്. ഭയപ്പാടോടെയായിരുന്നു പോലീസിനെ ജനങ്ങള്‍ കണ്ടിരുന്നത്. ഇ.എം.എസ് സര്‍ക്കാരാണ് പോലീസില്‍ മാറ്റമുണ്ടാക്കിയത്. അക്കാലത്ത് തൊഴില്‍ സമരത്തില്‍ പോലീസ് ഇടപെടേണ്ടതിലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്കപ്പ് മര്‍ദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇ എം.എസ് സര്‍ക്കാരാണ്. അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു.
പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ സാഹചര്യങ്ങളില്‍ പൊലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് അതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സൈബര്‍ കുറ്റങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പൊലീസ് സുസജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


