മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് ഇരു പാലങ്ങളിലെ കുഴികളടച്ച് ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ കൈവരിയില്‍ കയറി സമരം നടത്തി ഒറ്റയാള്‍ സമരനായകന്റെ പ്രതിഷേധം. മൂവാറ്റുപുഴ നഗരവികസനവുമായി ബന്ധപ്പെട്ട് പണി തീരാതെ കിടക്കുന്ന കച്ചേരിത്താഴം ഭാഗത്ത് രൂപപ്പെട്ട ഗര്‍ത്തങ്ങളും, ഇരുപാലങ്ങളിലെ മരണകുഴികളും ചേര്‍ന്ന് മാസങ്ങളായി നഗരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ ഇരു പാലങ്ങളിലെ കുഴികളെങ്കിലും നികത്തി ഏത് കാലാവസ്ഥയിലും ഫലപ്രദമായ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജിയാണ് ചെറിയ പാലത്തിലെ കൈവരിയില്‍ കയറി മണിക്കൂറുകള്‍ പ്ലേ കാര്‍ഡുമായി സമരം നടത്തി പ്രതിഷേധിച്ചത്. നിലവില്‍ നഗരവികസനം നിശ്ചലമായി കിടക്കുകയാണ്. കച്ചേരിത്താഴത്തും പി.ഒ. ജംഗ്ഷനിലുമാണ് ഇനി നിര്‍മ്മാണം നടക്കാനുള്ളത്. ഇതിനിടയില്‍ പാലങ്ങളില്‍ രൂപം കൊണ്ട കുഴികളില്‍ ക്വാറി വേസ്റ്റ് നിറച്ച് പലവട്ടം മൂട്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. പി.ഒ. മുതല്‍ വാഴപ്പിള്ളി വരെ ഗതാഗത തടസ്സമാണ് ഇപ്പോള്‍ ഉള്ളത്. ഇതിന് പരിഹാരമായി കുഴികള്‍ നികത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇത് സംബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയായിരുന്നു സമരം.